Skip to main content

അകലെ, ഒരു കിനാവിന്റെ ചിറകില്‍

ഷോര്‍ട്ട് സ്റ്റോറി


പന്ത്രണ്ട്‌ മണിക്കൂര്‍ നീണ്ട ഡ്യൂട്ടി അവസാനിപ്പിച്ച്‌ ബാരക്കിലേക്ക്‌ മടങ്ങാന്‍ നേരം തെല്ലകലെയായി ഒരു മിന്നല്‍ പിണര്‍. ഉഗ്ര സ്ഫോടനത്തിനൊപ്പം ഉയര്‍ന്ന പൊടിപടലത്തിലൂടെ ഊളിയിട്ട്‌ ക്യാപ്റ്റന്‍ ഹരിഹരന്‍ കവചിത വാഹനത്തിലേയ്ക്ക്‌ കയറി. ഒരു ദിനചര്യയുടെ ഭാഗമെന്നോണം ഉയര്‍ന്ന ആ കോലാഹലങ്ങള്‍ അയാളില്‍ യാതൊരു പ്രതികരണവും ഉണ്ടാക്കിയില്ല. യുദ്ധം തകര്‍ത്ത ഹൈവേയിലൂടെ താമസ സ്ഥലം ലക്ഷ്യമാക്കി ആ വാഹനം നീങ്ങിയപ്പോള്‍ പരന്നു കിടക്കുന്ന പുരാതന ഭൂമിയിലേക്ക്‌ അയാള്‍ നിര്‍ന്നിമേഷനായി നോക്കിയിരുന്നു.

മനുഷ്യന്റെ അടങ്ങാത്ത ദുരയുടെ മൃതപ്രായയായ ഇരായാണിന്ന്‌ യൂഫ്രട്ടീസിന്റെ നാട്‌. സമാധാനം പുനസ്ഥാപിക്കാന്‍ എത്തിയ സൈന്യം നീചമായ പീഢനത്തിനിരയാക്കിയ ജനതതിയുടെ രോദനം പുണ്യഭൂമിയില്‍ അങ്ങോളമിങ്ങോളം അലയടിക്കുന്നു. പല രാജ്യങ്ങിളില്‍ നിന്നു വന്ന ആ സേനാംഗങ്ങളില്‍ ഒരാളായതില്‍ എപ്പോഴുമെന്നപോലെ ഇപ്പോഴും അയാള്‍ സ്വയം ശപിച്ചു. മുറിയിലെത്തി ശീതീകരണിയുടെ തണുപ്പില്‍ രണ്ട്‌ പെഗ്ഗ്‌ വിസ്കി പകര്‍ന്ന്‌ ഫോണില്‍ നമ്പര്‍ ഡയല്‍ ചെയ്തപ്പോള്‍ മനസ്സില്‍ തെളിഞ്ഞത്‌ സര്‍പ്പക്കാവും നാഗവിഗ്രഹങ്ങളുമായിരുന്നു. മേശപ്പുറത്തു വച്ചിരിക്കുന്ന ഫോട്ടോകളില്‍ നിന്നും കുഞ്ഞുമോള്‍ അയാളെ നോക്കി ചിരിക്കുന്നു. പലപ്പോഴായുള്ള അവളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ഒന്നര കൊല്ലങ്ങളായി ആ മേശപ്പുറത്തെ സാര്‍ത്ഥകമാക്കി സ്ഥാനം പിടിച്ചിരിക്കുന്നു. മുത്തശ്ശിക്കഥകളിലെ പൊന്നും മുത്തും തേടിപ്പോയ രാജാവിനു തുല്യനായ അച്‌'നെ കാണാന്‍ അവള്‍ കാത്തിരിക്കുന്നു. നേരില്‍ കണ്ടിട്ടില്ലാത്ത, ഒരിക്കല്‍ പോലും മാറോടണച്ച്‌ മോളേ എന്നു വിളിച്ചിട്ടില്ലാത്ത, ടെലിഫോണ്‍ റിസീവറിലെ ശബ്ദത്തില്‍ മാത്രമൊതുങ്ങുന്ന ഒരച്‌'ന്‍. ആ വാക്കിന്റെ കൌതുകത്തിനുമപ്പുറം ഒന്നുമല്ലാത്ത, ആരുമല്ലാത്ത അദൃശ്യമായ ഒരു കളിപ്പാട്ടം. തെളിയാത്ത ഒാ‍ര്‍മ്മയില്‍ മിന്നിമറയുന്ന അനേകം വര്‍ണ്ണപ്പൊട്ടുകളില്‍ നിറം മങ്ങിയ ഒരു ബിന്ദു. അങ്ങനെ എന്തെങ്കിലുമാവും മകള്‍ക്ക്‌ താനിപ്പോള്‍.

മറുവശത്തുനിന്ന്‌ കേട്ട ഹലോ അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി. ലക്ഷ്മിയോട്‌ വിശേഷങ്ങള്‍ ആരായാനല്ലാതെ അയാള്‍ക്ക്‌ പറയാന്‍ പ്രത്യേകിച്ച്‌ ഒന്നുമുണ്ടായിരുന്നില്ല. യുദ്ധവും ഗറില്ലാ ആക്രമണങ്ങളും അംഗവിഹീനനാക്കപ്പെട്ട ശത്രുവിന്റെയും സഹപ്രവര്‍ത്തകന്റെയും വിവരണങ്ങളും അവളെത്രയോ വട്ടം കേട്ടിരിക്കുന്നു. കഴിഞ്ഞ ഒന്നര കൊല്ലങ്ങളായി കേട്ട്‌ പഴകിയ ആ വാര്‍ത്തകളേകുറിച്ച്‌ ലക്ഷ്മിയും അധികമൊന്നും ചോദിച്ചില്ല. ഓഫീസിലെ മീറ്റിംഗിനേകുറിച്ചും കഴിഞ്ഞ മാസം ജോലിക്ക്‌ ചേര്‍ന്ന യമുനയെപ്പറ്റിയുമെല്ലാം അവള്‍ വാചാലയായപ്പോള്‍ നിര്‍വികാരത പുറത്തറിയിക്കാതെ കേട്ടിരുന്നു. പതിവു സംഭാഷണങ്ങള്‍ക്കൊടുവില്‍ ഫോണിന്റെ അങ്ങേ തലയ്ക്കല്‍ നിന്നും നദികളും സമുദ്രങ്ങളും മരുഭൂമികളും ആകാശവും താണ്ടി, രക്തമൂറുന്ന മുറിവുകളില്‍ അമൃതവര്‍ഷം പോലെ, സംഘര്‍ഷഭരിതമായ മനസ്സില്‍ സന്ധ്യാനാമം പോലെ ഒരു കിളുന്നു സ്വരം, വെടിയൊച്ച കേട്ട്‌ മരവിച്ച അയാളുടെ കര്‍ണപുടങ്ങളെ തഴുകിയിറങ്ങി. "അച്ചാ" കുഞ്ഞുമോള്‍ വിളിക്കുന്നു. മോളേ എന്നു വിളിക്കാന്‍ നാവുയര്‍ത്തിയെങ്കിലും ശബ്ദം പുറത്തേക്ക്‌ വന്നില്ല. പട്ടാളക്കാരന്റെ കാഠിന്യം ഒരുനിമിഷം ഉരുകിയൊലിച്ച്‌ പോയി.. ഉല്‍ക്കടമായ ദുത്തില്‍ മൊഴികള്‍ നഷ്ടപ്പെട്ട്‌, മനസ്സില്‍ ഒരായിരം ആവര്‍ത്തി മകളേ എന്ന്‌ വിളിച്ച്‌, നിശ്ചലനായി അയാളിരുന്നു. പിന്നെ സാവധാനം ഫോണ്‍ യഥാ സ്ഥാനത്ത്‌ വച്ച്‌ പകര്‍ന്നുവച്ച വിസ്കി ഒരു വലിക്ക്‌ കഴിച്ച്‌ തീര്‍ത്തു.ഒരു ചലചിത്രത്തിലെന്നപോലെ മനസ്സില്‍ ചിന്തകള്‍ മാറിമറയുന്നു. തീ തുപ്പുന്ന പീരങ്കികള്‍.... ഓടിമറയുന്ന പട്ടാളക്കാര്‍..... രക്തം വാര്‍ന്നൊലിക്കുന്ന മുവുമായി തന്റെ മുന്നില്‍ നിന്ന റോബര്‍ട്ട്‌ മര്‍ദോക്ക്‌. തലയറ്റ്‌ വീണുകിടന്ന അഹമ്മദ്‌. സ്വന്തം നാട്ടിലേക്ക്‌ ശവപ്പെട്ടിയില്‍ തിരികെപ്പോകാന്‍ ഊഴം കാത്തുകഴിയുന്ന അനേകം പട്ടാളക്കാരില്‍ ഒരാളായി അയാളും. ജീവിക്കാന്‍ കിട്ടിയ ഒരു ദിവസത്തിനു കൂടി നന്ദി പറഞ്ഞ്‌ ക്യാപ്റ്റന്‍ ഹരിഹരന്‍ കട്ടിലിന്റെ അരികില്‍ സ്വയം നഷ്ടപ്പെട്ടിരുന്നു.

പുറത്ത്‌ ആകാശത്തില്‍ യുദ്ധ വിമാനങ്ങളുടെ ഇരമ്പല്‍. ജനാലയ്ക്കപ്പുറം അഗ്നി വിഴുങ്ങിയ ബഹുനില മന്ദിരത്തിന്റെ പ്രേതാവശിഷ്ടം, മനുഷ്യന്റെ ധാര്‍ഷ്ട്യത്തിന്റെ പ്രതീകങ്ങള്‍ക്കു മുകളില്‍ സഹജീവിയുടെ കിരാത താഢനത്തിന്റെ കൈമുദ്ര പോലെ നില്‍ക്കുന്നു. വിളക്കുകള്‍ അണച്ച്‌ മുറിയിലെ ഇരുളിലേയ്ക്ക്‌ ഉള്‍വലിഞ്ഞ്‌ കണ്ണുകള്‍ ഇറുക്കിയടച്ച്‌ അയാള്‍ കട്ടിലില്‍ മലര്‍ന്ന്‌ കിടന്നു. ചുറ്റും മുഴങ്ങിയിരുന്ന യന്ത്രങ്ങളുടെ മുരള്‍ച്ച സാവധാനം നേര്‍ത്തില്ലാതായി. വീണ്ടും നിമിഷങ്ങള്‍ വഴിമാറവേ, പാതിമയക്കത്തില്‍, ഒലിച്ചിറങ്ങുന്ന ഒരരുവിയുടെ കൂജന നാദം ചെവിയില്‍ നിറഞ്ഞു. ഒപ്പം ഒരു പിഞ്ചു ബാലികയുടെ പതര്‍ച്ചയേതുമില്ലാതെയുള്ള മന്ത്രജപം. തീര്‍ത്ഥത്തിന്റെയും അന്നത്തിന്റെയും വസ്ത്രത്തിന്റെയും സമര്‍പ്പണം. "പിതൃ പിണ്ഡം സമര്‍പ്പയാമി". അവള്‍ ഉരുവിടുന്നു. വിറങ്ങലിച്ച പ്രഭാതത്തില്‍ ഈറനണിഞ്ഞ്‌ പാപനാശിനിക്കരയില്‍ അവള്‍ കര്‍മ്മം ചെയ്യുന്നു. തലമുറകളുടെ കടമയിലും എള്ളിലും ദര്‍ഭയിലും പിതാവിന്റെ ആത്മാവിനെ ആവാഹിച്ചിരുത്തി, അന്നമൂട്ടി തൃപ്തനാക്കി, ജലധാരയില്‍ മുങ്ങിനിവര്‍ന്ന്‌ കയറി വരുന്ന തന്റെ മകള്‍. ഹൃദയഭിത്തികള്‍ സഹനത്തിന്റെ സീമകള്‍ ലംഘിച്ച്‌ വലിഞ്ഞു മുറുകവേ, പഞ്ചേന്ദ്രിയങ്ങളിലും സപ്തനാഢികളിലും അതിന്റെ കമ്പനം വ്യാപിക്കവേ, ഇറുകിയടഞ്ഞ കണ്‍പോളകളുടെ ബന്ധനത്തില്‍നിന്നു വിടുതല്‍ നേടിയ നീര്‍കണങ്ങളുടെ നനവും തണുപ്പും കവിളില്‍ പടരവേ, അഗാധ വേദനയുടെ ഉച്ചസ്ഥായിയില്‍ വിറയാര്‍ന്ന ചുണ്ടിനാല്‍ അയാള്‍ ഉരുവിട്ടു - "ഓം ഭൂര്‍ ഭുവസ്വഹ, തത്‌ സവിതുര്‍ വരേണ്യം ........" കൈകള്‍ കൂപ്പി, വീണ്ടും വീണ്ടും ഗായത്രി ജപിച്ച്‌ നാഴികകളോളം അയാള്‍ കിടന്നു. ചെകിടില്‍ നിന്ന്‌ അരുവിയുടെ കളകള നാദം സാവധാനം അലിഞ്ഞില്ലാതെയായി. പ്രാര്‍ത്ഥനയുടെ സാഫല്യത്തില്‍, വികാരവിക്ഷോഭങ്ങളുടെ അലകളടങ്ങിയ ശാന്തമായ നിശബ്ദതയില്‍ ഒരു പാദസ്വരത്തിന്റെ മണികിലുക്കം പതിയെ കേള്‍ക്കാറായി. പിന്നെ വിയര്‍പ്പു പൊടിഞ്ഞ നെറ്റിയിലും, അടഞ്ഞ കണ്‍പോളകളിലും, മിഴിനീര്‍ വീണു നനഞ്ഞ കവിളുകളിലും പട്ട്‌ പോലെ നേര്‍ത്ത്‌ മൃദുലമായ കരസ്പര്‍ശം. കുപ്പിവള കിലുക്കത്തിനൊപ്പം "അച്‌ചാ " എന്ന വിളി. കണ്‍മുന്നില്‍, കരവലയത്തില്‍, നെഞ്ചോടൊട്ടി തന്റെ കുഞ്ഞു മകള്‍. "അച്ചാ" അവള്‍ വീണ്ടും വിളിക്കുന്നു. നാസാരന്ധ്രങ്ങളില്‍ നിറഞ്ഞ അമ്മിഞ്ഞപ്പാലിന്റെ ഗന്ധത്തിനൊപ്പം, ഓരോ കോശങ്ങളില്‍നിന്നും വാത്സല്യം ഉറവപൊട്ടി ഒരുമിച്ചുചേര്‍ന്ന്‌ മഹാപ്രവാഹമായി അയാള്‍ക്ക്‌ ചുറ്റും നുരയിട്ടു. കണ്ണ്‌ തുറക്കാതെ, കൈകളകാത്താതെ, മകളുടെ സാമീപ്യത്തിന്റെ നിറവില്‍, ഒരു പൊങ്ങുതടിയുടെ ലാഘവത്തോടെ അയാള്‍ ഉറക്കമായി.
അപ്പോള്‍, ചില്ലുജാലകത്തിലൂടെ മുറിക്കുള്ളിലേക്ക്‌ കിനിഞ്ഞിറങ്ങുന്ന തെരുവു വിളക്കിന്റെ മഞ്ഞനാളങ്ങള്‍ക്കുമപ്പുറം, ഉറക്കം നഷ്ടപ്പെട്ട അലയാഴിക്കുമക്കരെ പച്ചപ്പിന്റെ പ്രസരിപ്പോടെ തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങുകള്‍ക്കും, പാടങ്ങള്‍ക്കും, പാടത്തെ മുറിച്ചൊഴുകുന്ന കുന്തിപ്പുഴയ്ക്കുമക്കരെ ചുവന്ന മണ്‍പാതയോരത്തെ പഴകിയ നാലുകെട്ടിനുള്ളില്‍, അമ്മ മകള്‍ക്ക്‌ അച്‌'ന്റെ വിശേഷങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു.

Comments

Anonymous said…
Ha ha ah Very Nice Bore
Unknown said…
Chettayiii kidilan!!!!(pakutiyum manasilayillaaa)

Popular posts from this blog

GOPAL SWAMI PETTA

A 60 KM Drive from Sulthan bathery, Wayanad through the mighty Mysore forests, comprising of Muthanga Wildlife Sanctuary and then through the remote villages of Gundalpett, will take you to the abode of Lord Gopal Swami, located at a height of about 1200 feet from the sea level. En-route you can see the beautiful locations of many movies, the first one being Lal Jos' "Chandranudikkunna Dikkil" This is a place where cold breeze always soothe your tired muscles. The spectacular view from the hilltop, fresh, cool air and the roaming elephants are all a feast to your soul. Relax, refresh and rejuvenate here. The lovely nature here have all the ingredients for that. When leaving the hill in the even ing your mind will not accompany you. It will stay back there at the footsteps of the Lord, leaving only your body to the noisy world beneath.
WISH YOU A HAPPY NEW YEAR Under a thick cover of brown soil, a solitary Red Lucky Seed closed its eyes. Then it opened those eyes and closed them again. It was only darkness. Be it closed or opened; it was dark. Its nostrils, tired of inhaling the ancient scent of dehydrated soil, were numb. For the last time, in the severe pain of compression on its dry skin, it heard the call of conscience again. A faint cry, from its core, of life that was about to end, the weak call from within for a holy birth.  The thirsty seed cried out loudly in that pain of abandonment. There was no one to here.  That cry was not strong enough to reach the ears of the great clouds in the vast sky that stood like a silver umbrella over the dark earthen veil that covered the humble seed. Waiting for the inevitable end, and intensely dreaming of a brown-eyed raindrop, the Red Lucky Seed closed its eyes again. Not a drop of rain came in search of the lonely and worthless seed, so insignificant as one of t...